ദുബൈ: ദുബൈയിൽ നിന്ന് യാത്രക്കാരെയും കൊണ്ട് വിമാനം പറന്നു , പക്ഷെ ലഗേജ് എടുക്കാൻ മറന്നു വെന്ന് മാത്രം. ദുബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം
മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്നതോടെ വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പവും പ്രതിഷേധവും ഉയർന്നു.
ബുധൻ വൈകിട്ട് 148 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3ൽ വിമാനം ഇറങ്ങിയപ്പോഴാണ് ലഗേജ് ഇല്ലാത്ത വിവരം യാത്രക്കാർ അറിയുന്നത് .
വിമാനം വൈകിട്ട് 5 നാണ് ഡൽഹിയിലെത്തിയത്. ലഗേജ് സ്വീകരിക്കുന്ന കൺവെയർ ബെൽറ്റിനടുത്ത് കാത്തുനിന്ന യാത്രക്കാർക്ക് മുന്നിലേക്ക് ഒരു ലഗേജ് ബാഗ് പോലും എത്താതിരുന്നതോടെ
സംഭവം പ്രശ്നമായി.
മുഴുവൻ ലഗേജും ദുബൈയിൽ തന്നെ വച്ചിരിക്കുകയാണെന്ന് അറിഞ്ഞതോടെ എല്ലാവരും കലിപ്പിലായി. സംഭവത്തിൽ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ പ്രതികരണവും രേഖപ്പെടുത്തി.
ലഗേജ് ലഭിക്കാത്തവർക്ക് ബാഗേജ് ഇറെഗുലാരിറ്റി റിപ്പോർട്ടുകൾ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ട എയർലൈൻ ജീവനക്കാർ, അടുത്ത വിമാനത്തിൽ സാധനങ്ങൾ എത്തിക്കാമെന്ന് എല്ലാവര്ക്കും ഉറപ്പുനൽകി.
വിമാനത്തിന് ഭാരം കൂടുതലായതിനാലാണ് മുഴുവൻ ലഗേജുകളും ഇറക്കി വയ്ക്കേണ്ടി വന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം . പല യാത്രക്കാർക്കും ഇത് വിശ്വസനീയമായിരുന്നില്ല. അതിനാല് തന്നെ പ്രതിഷേധവും കനത്തു…



