അബുദബി : ഈദ് അൽ അദ്ഹ അവധിയോടനുബന്ധിച്ച് യുഎഇയിൽ വലിയ ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. അബുദാബിയിലും ഷാർജയിലും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ബസ് സർവീസുകളും പുതുക്കിയ ടൈമിംഗുകളും ഒരുക്കിയിട്ടുണ്ട്.
അബുദാബിയിൽ ജൂൺ 25 മുതൽ 29 വരെ പൊതുഗതാഗത സർവീസുകളുടെ സമയക്രമം പുതുക്കി. സബർബൻ, ഇന്റർസിറ്റി റൂട്ടുകളിൽ കൂടുതൽ ബസുകൾ ഓടിക്കും. A1, A2, N2, A10, A40, K4 പോലുള്ള പ്രധാന സർവീസുകൾ പതിവുപോലെ തുടരും. യാത്രാ വിവരങ്ങൾ Darbi ആപ്പിലൂടെയോ 800850 നമ്പറിലൂടെയോ അറിയാം.
ഷാർജയിൽ ഈദ് തിരക്ക് നിയന്ത്രിക്കാൻ 155 ബസുകൾ വിന്യസിച്ച് 9,760 ഇന്റർസിറ്റി സർവീസുകളാണ് ഒരുക്കിയത്. ചില റൂട്ടുകളിൽ അഞ്ച് മിനിറ്റ് ഇടവേളയിൽ ബസുകൾ സർവീസ് നടത്തും. കൂടാതെ 12 റൂട്ടുകളിലായി 104 ബസുകൾ ദിവസേന 1,144 ട്രിപ്പുകൾ നടത്തും.
ഷാർജ–ദുബൈ ഫെറി സർവീസുകളും ഈദ് ദിവസങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. ഷാർജയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആദ്യ സർവീസ് ആരംഭിക്കും. തുടർന്ന് 4, 6, 9 മണികളിലും സർവീസുണ്ട്. ദുബൈയിൽ നിന്ന് തിരിച്ചുള്ള ഫെറി 3 മണിക്ക് ആരംഭിക്കും.
അതേസമയം, ഷാർജയിലെ സൂഖ് അൽ ഹറജിലേക്കുള്ള റൂട്ട് 22 ബസ് സർവീസ് അവധി ദിവസങ്ങളിൽ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.



