ദുബൈ: അപരിചിതമായ ക്യുആർ കോഡുകൾ സ്കാൻ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലീസ്. #BewareOfFraud ക്യാമ്പയിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. പ്രത്യേക ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പുകാർ ഇത്തരം ക്യുആർ കോഡുകൾ പ്രചരിപ്പിക്കുന്നത്.
എസ്എംഎസ് (SMS), ഇമെയിൽ, അല്ലെങ്കിൽ പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകളിൽ പതിച്ച ക്യൂ ആർ കോഡ് വഴിയാണ് തട്ടിപ്പ് നടക്കുക. ഇത്തരം കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ, നിങ്ങളെ വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുകയും നിങ്ങളുടെ ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ ഫോണിന്റെ പൂർണ്ണ നിയന്ത്രണം വരെ തട്ടിപ്പുകാർക്ക് ലഭിച്ചേക്കാം. അതുകൊണ്ട്, വ്യക്തമായ ഉറവിടമില്ലാത്ത ഒരു ക്യുആർ കോഡും സ്കാൻ ചെയ്യരുതെന്നും, സംശയാസ്പദമായ ലിങ്കുകളിൽ വിവരങ്ങൾ പങ്കുവെക്കരുതെന്നും ദുബൈ പോലീസ് കർശന മുന്നറിയിപ്പ് നൽകി.



